വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്

  1. Home
  2. Kerala

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്

BALA KRISHNAN


ശ്രീരാമനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട പി ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്. 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോ​ഗത്തിൽ ഈ വിഷയം മാത്രമാണ് അജണ്ട.

എംഎൽഎയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറി കത്ത് നൽകി. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദേശം. എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സിപിഐഎം, സിപിഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം.

രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചായിരുന്നു എംഎൽഎയുടെ പോസ്റ്റ്. രാമായണത്തിലെ ഒരു സന്ദർഭം എടുത്തു പറഞ്ഞാണ് ബാലചന്ദ്രൻ രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചത്. എന്നാൽ കുറിപ്പ് വിവാദമായതോടെ പി ബാലചന്ദ്രൻ അത് വലിക്കുകയും ചെയ്തു. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എംഎൽഎ അറിയിച്ചു.

കഥകൾ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഡിലീറ്റ് ചെയ്തെന്നുമായിരുന്നു പി ബാലചന്ദ്രന്റെ വിശദീകരണം. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഫ്ബി പോസ്റ്റ് മണ്ഡലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.