വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

  1. Home
  2. Kerala

വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

image


ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്റെ സംഘമാണ് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലെത്തി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ അപ്ലോഡ് ചെയ്‌ത വീഡിയോയിലെ മോഹൻദാസിന്റെ പരാമർശം. “എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും' എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിൻ്റെ പരാമർശം.ബലാത്സംഗം ഇഷ്‌ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശം.

വിവാദ പരാമർശങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.