ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ തർക്കം രൂക്ഷം; മന്ത്രിയുടെ വിമർശനത്തിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

  1. Home
  2. Kerala

ശബരിമല മണ്ഡലകാല ഒരുക്കങ്ങളിൽ തർക്കം രൂക്ഷം; മന്ത്രിയുടെ വിമർശനത്തിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

sabarimala  


ശബരിമല മണ്ഡലകാല-മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങളെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മണ്ഡലകാല ഒരുക്കങ്ങൾ മന്ദഗതിയിലാണെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തീർഥാടനം സുഗമമായി നടത്താൻ ബോർഡിന് കഴിയുമോ എന്നതിൽ സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു.

തീർഥാടനത്തിന്റെ ദൈനംദിന മേൽനോട്ടവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഹൈക്കോടതിയെയും അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

കന്നിമാസ പൂജകൾക്കായി നടതുറന്നപ്പോൾ സന്നിധാനത്ത് അനുഭവപ്പെട്ട കടുത്ത അരവണ ക്ഷാമമാണ് തർക്കം കൂടുതൽ രൂക്ഷമാക്കിയത്. തീർഥാടന സമയത്ത് ആവശ്യമായ അരവണ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചെന്നാണ് മന്ത്രിയുടെ വിമർശനം. തിരക്കേറിയ സമയത്ത് അരവണ പ്ലാന്റിന്റെ നവീകരണം നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, മന്ത്രിയുടെ വിമർശനങ്ങളിൽ ദേവസ്വം ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും ബോർഡ് അധികൃതർ പറഞ്ഞു.