തിരുത്തൽ നടപടികൾ; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും
സംഘടനാരംഗത്തെ തെറ്റുതിരുത്തലും ആത്മപരിശോധനയും ലക്ഷ്യമിട്ട് സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. രണ്ടുദിവസത്തെ യോഗം ജില്ലാ കമ്മിറ്റി ഓഫീസിലാണ് നടക്കുന്നത്. രാവിലെ 9.30ന് മുതിർന്ന നേതാവ് പി. ഉണ്ണി പതാക ഉയർത്തുന്നതോടെ നടപടികൾക്ക് തുടക്കമാകും. തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന-ജില്ലാ നേതാക്കൾ ഉൾപ്പെടെ 125 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം ഉൾപ്പെടെ സംഘടനാ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്നുവന്ന വിവിധ ആരോപണങ്ങളും പ്രധാന ചർച്ചയാകും.
പാർട്ടി നിയന്ത്രണത്തിലുള്ള ചേർപ്പുളശ്ശേരി, ഷൊർണൂർ അർബൻ ബാങ്കുകളിലെ വായ്പാ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും യോഗത്തിൽ വിശദമായി ചർച്ചയാകുമെന്നാണ് വിവരം. ആരോപണങ്ങളിൽ നടപടി വൈകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്.
ചില ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരായ ആരോപണങ്ങളും നേതൃത്വത്തിന് നൽകിയ പരാതികളിൽ നടപടിയുണ്ടാകാത്തതായുള്ള ആക്ഷേപങ്ങളും ചർച്ചയാകും. മണ്ഡല പുനർനിർണയത്തിന് ശേഷം കോങ്ങാട് മണ്ഡലം നഷ്ടമായതും മുൻ മന്ത്രി എം.ബി. രാജേഷ് തൃത്താലയിൽ പരാജയപ്പെട്ടതും യോഗത്തിൽ വിലയിരുത്തും.
പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് പിന്നാലെ ഇന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. നാളെ സംസ്ഥാന-ജില്ലാ സെക്രട്ടറിമാർ ചർച്ചകൾക്ക് മറുപടി നൽകും. വൈകിട്ട് പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് ബഹുജന റാലിയോടെയും പൊതുയോഗത്തോടെയും യോഗത്തിന് സമാപനമാകും.
