ഗ്യാനേഷ് കുമാറിനെതിരായ അഴിമതി കേസ്: വിജിലൻസ് ഫയലുകളിൽ അപാകതയില്ല; പുനരന്വേഷണം ഒഴിവായേക്കും

  1. Home
  2. Kerala

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി കേസ്: വിജിലൻസ് ഫയലുകളിൽ അപാകതയില്ല; പുനരന്വേഷണം ഒഴിവായേക്കും

gyanesh kumar


വിജിലൻസ് കേസിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പുനരന്വേഷണ സാധ്യത മങ്ങുന്നതായി റിപ്പോർട്ടുകൾ. 20 വർഷം മുമ്പ് നടന്ന പ്രാഥമിക അന്വേഷണത്തിൽ അപാകതകളൊന്നുമില്ലെന്നാണ് വിജിലൻസിന്റെ നിലവിലെ വിലയിരുത്തൽ. അന്ന് നടന്ന അന്വേഷണത്തിലെ ഫയലുകളും അതിലെ കണ്ടെത്തലുകളും കൃത്യമാണെന്ന് വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ (Verification) വ്യക്തമായിട്ടുണ്ട്.

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പഴയ അഴിമതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മുൻപ് കെ.എസ്.ടി.പി (KSTP) എം.സി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എഞ്ചിനീയറുടെ ആത്മഹത്യയെ തുടർന്ന് ഉയർന്ന ആരോപണങ്ങളിലായിരുന്നു അന്ന് വിജിലൻസ് അന്വേഷണം നടത്തിയത്. എന്നാൽ അഴിമതിക്ക് തെളിവുകളില്ലെന്ന് കണ്ടെത്തി അന്ന് വിജിലൻസ് ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.

അതേസമയം, ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ കൈക്കൂലി ചോദിച്ചു എന്ന് ആരോപിച്ച് കൊല്ലം സ്വദേശി വിജിലൻസ് ഡയറക്ടർക്ക് പുതിയ പരാതി നൽകിയിട്ടുണ്ട്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയായതിനാൽ നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ, തുടർനടപടികൾക്കായി വിജിലൻസ് ഡയറക്ടർ പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.