മെർക്കുറി അമിതമായി അടങ്ങിയ സൗന്ദര്യവർധക ക്രീം; കമ്പനിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി
മുഖത്തെ കുരുക്കളും പാടുകളും മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ വിൽപ്പന നടത്തിയ എഫ്.ട്യൂൺ സൗന്ദര്യവർധക ക്രീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്.ഐ.ആർ. ക്രീമിൽ അമിതമായ അളവിൽ മെർക്കുറി അടങ്ങിയിരുന്നുവെന്നും ഉപയോഗിച്ചതിനെ തുടർന്ന് പരാതിക്കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയോളം ചെലവഴിക്കേണ്ടിവന്നതായും പരാതിയിലുണ്ട്.
ബി.എൻ.എസ് 316(2) വിശ്വാസ വഞ്ചന, ബി.എൻ.എസ് 318(2) വഞ്ചന, ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് ആക്ട് 17(ഇ) വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ വസ്തുക്കളുടെ വിൽപ്പന, ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് ആക്ട് 17ഇ(ഇ) ആരോഗ്യത്തിന് ഹാനികരമായ വിഷാംശങ്ങൾ അടങ്ങിയ സൗന്ദര്യ വസ്തുക്കളുടെ വിൽപ്പന, ഡ്രഗ്സ് ആൻ്റ കോസ്മറ്റിക്സ് ആക്ട് 27എ(ഐ) വ്യാജമോ മായം ചേർത്തതോ ആയ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ അഞ്ച് വർഷംവരെ തടവും പിഴയും വിധിക്കുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
മലപ്പുറത്ത് ഈ ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. തുടർപരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പെൺകുട്ടി ഉപയോഗിച്ച ക്രീം പരിശോധിച്ചപ്പോഴാണ് അനുവദനീയമായതിലും അധികം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്ന് അവകാശപ്പെട്ടാണ് ക്രീം വിൽപ്പന നടത്തിയിരുന്നതെന്നും പെൺകുട്ടി പറയുന്നു.
