കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞയ്ക്കായി കോടതി അനുമതി
വധശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കേസുകളിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യാനായാണ് ജാമ്യം അനുവദിച്ചത്.
ജൂലൈ 13 ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് ആർ. സുഗതൻ. നിരന്തരം കുറ്റകൃത‍്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ സുഗതനെതിരേ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു സുഗതൻ.
