'എണ്ണിയെണ്ണി പകരം ചോദിക്കും'; മുഖ്യമന്ത്രിയുടേത് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയും കലാപാഹ്വാനവുമാണെന്ന് പിണറായി വിജയൻ
കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി 'പകരം ചോദിക്കും', 'എണ്ണിയെണ്ണി ചോദിക്കും' എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ലെന്നും പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി 'രാഗദ്വേഷങ്ങൾ കൂടാതെ' പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി 'പകരം ചോദിക്കും', 'എണ്ണിയെണ്ണി ചോദിക്കും' എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല.
പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്.
നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കും. ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അനിവാര്യമായും കാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥർ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു.
