തെളിവുകൾ ഇല്ല; വീണക്കെതിരെയുള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി കോടതി തള്ളി

  1. Home
  2. Kerala

തെളിവുകൾ ഇല്ല; വീണക്കെതിരെയുള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി കോടതി തള്ളി

Veena vijayan


സ്വകാര്യ കമ്പനിയില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹര്‍ജി തള്ളി മുവാറ്റുപുഴ വിജിലന്‍സ് കോടതി. തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പരാതിക്കാരന്‍ നൽകിയ തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി വ്യക്തമാക്കി. 
മുഖ്യമന്ത്രിക്കും, മകൾക്കും, പണം വാങ്ങിയ മറ്റുള്ളവർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരുന്നത്.
വൻ തുക കൈക്കൂലിയായി നൽകിയതിലൂടെ കരിമണൽ കമ്പനിക്ക് അനർഹമായ നേട്ടവും പ്രത്യേക അവകാശവും പരിഗണനയും സർക്കാരിൽ നിന്നു ലഭിച്ചെന്നും എതിർകക്ഷികളിൽ 4 പേർ നിയമസഭ അംഗങ്ങളായിരുന്നെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണു ഹർജിയിലെ ആവശ്യം.