സിപിഎമ്മിൽ ആഭ്യന്തര പ്രശ്നപരിഹാര കമ്മിറ്റി രൂപീകരിച്ചു
കേന്ദ്ര കമ്മിറ്റി നിർദേശത്തിന് പിന്നാലെ ആഭ്യന്തര പ്രശ്നപരിഹാര കമ്മിറ്റി രൂപീകരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ടി.എൻ. സീമ അധ്യക്ഷയായ സമിതിയിൽ പി.കെ. സൈനബ, എൻ. ചന്ദ്രൻ, എ. വിജയകുമാർ എന്നിവർ അംഗങ്ങളാണ്. അഭിഭാഷക ഗീനകുമാരി പുറത്തുനിന്നുള്ള നിയമവിദഗ്ധയായി കമ്മിറ്റിയിൽ പ്രവർത്തിക്കും.
നേതാക്കൾക്കെതിരായ പരാതികൾ ഇനി പാർട്ടി ഘടകങ്ങൾക്ക് പകരം ആഭ്യന്തര പ്രശ്നപരിഹാര കമ്മിറ്റി പരിശോധിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം നടത്തണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരുന്നു. പരാതിക്കാർ അന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ നിയമസഹായം നൽകണമെന്നും നിർദേശമുണ്ട്.
പീഡനപരാതിയെ തുടർന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്ഥാനമൊഴിഞ്ഞതാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാർട്ടിയിലെ പുതിയ മാറ്റം. എന്നാൽ, സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് മുന്നിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
