ഒരു കുറ്റാന്വേഷണ ഏജൻസിയല്ല സിപിഎം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.കെ. ബിജു

  1. Home
  2. Kerala

ഒരു കുറ്റാന്വേഷണ ഏജൻസിയല്ല സിപിഎം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.കെ. ബിജു

Pk biju


ഒരു കുറ്റാന്വേഷണ ഏജൻസിയല്ല കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെന്ന് മുൻ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമാണ്. അറസ്റ്റിലായ സതീശനുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം തൃശൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

‘‘സിപിഎം ഒരു അന്വേഷണ ഏജൻസിയല്ലെന്ന് ഞാൻ അന്നു തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളായിട്ടുള്ള ആളുകൾ‌ ഏതെങ്കിലുമൊരു സംഭവത്തിലോ മറ്റോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിളിച്ചുചോദിക്കുക എന്നത് പാർട്ടിയുടെ രീതിയാണ്. സ്വാഭാവികമായും കരുവന്നൂർ സംബന്ധിച്ച് അവിടെ പ്രവർത്തിച്ച പാർട്ടി അംഗങ്ങളോട് എന്താണെന്നു ചോദിച്ചിട്ടുണ്ട്. അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്."

"അന്വേഷണ ഏജൻസി എന്നു പറഞ്ഞാൽ, അവിടെപ്പോയി അവരുടെ ഹാർഡ്‌ഡിസ്ക് പരിശോധിക്കുക, അവർ ആർക്കാണ് വായ്പ കൊടുത്തത്, എത്ര തിരിച്ചടവ് നടത്തി എന്നിവ കണ്ടുപിടിക്കാനുള്ള ഏജൻസി കമ്യൂണിസ്റ്റ് പാർട്ടിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളോട് ചോദിക്കും. അത്തരം കാര്യങ്ങൾ നിയമപരമായ അന്വേഷണത്തിന് വിടുക എന്നതാണ് പാർട്ടി ഈ വിഷയത്തിൽ സ്വീകരിക്കുക’’ – പി.കെ ബിജു വ്യക്തമാക്കി.