പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ സി.പി.എം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ തീരുമാനം

  1. Home
  2. Kerala

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ സി.പി.എം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ തീരുമാനം

cpm


'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു. അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. നാളെ ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി പരാതി നൽകുക.

തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് ഈ ഗാനത്തിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ തീരുമാനിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പാട്ട് പ്രചാരണ ആയുധമാക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സി.പി.എമ്മിന്റെ ഈ നീക്കം.

മതാരാധനയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ ദൈവങ്ങളെയോ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് ഈ പരാതി വഴിമരുന്നിട്ടിരിക്കുന്നത്.