തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ തിരുത്തൽ നടപടികളുമായി സിപിഎം

  1. Home
  2. Kerala

തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ തിരുത്തൽ നടപടികളുമായി സിപിഎം

m a baby


കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ ഗൗരവമായി വിലയിരുത്തി ആവശ്യമായ തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ തുറന്നുപറഞ്ഞ് പരിഹരിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിൽ പാർട്ടിക്ക് പോരായ്മയുണ്ടായതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് എം.എ. ബേബി വിലയിരുത്തി. ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് അവർക്ക് ബോധ്യപ്പെടുന്ന വിധത്തിൽ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിലും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസഹജമായ തെറ്റുകൾ ഉൾപ്പെടെ ഉണ്ടായ പിഴവുകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിലും പാർട്ടിക്ക് കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥിത്വങ്ങളെ ചൊല്ലിയുണ്ടായ വിമർശനങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് അംഗം വരെ സ്വയംവിമർശനം നടത്തേണ്ട സാഹചര്യമുണ്ടെന്നും ഓരോ തലത്തിലുമുണ്ടായ പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎം പോലുള്ള പാർട്ടികളിൽ നിന്ന് ജനങ്ങൾ ഉയർന്ന ധാർമിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ മംഗളൂരുവിൽ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായ സന്ദർശനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എം.എ. ബേബി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിലേക്ക് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരെ മതേതര ജനാധിപത്യ പാർട്ടികൾ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസിന്റെ നയങ്ങളെ ചെറുക്കാൻ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ഭിന്നതകൾ മാറ്റിവെക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്നും പാസ്പോർട്ടിന് പൗരത്വവുമായി ബന്ധമില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ആശങ്കാജനകമാണെന്നും അദ്ദേഹം വിമർശിച്ചു. ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയിൽ വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടില്ലെന്നതും അദ്ദേഹം വിമർശിച്ചു.