സെക്രട്ടറി മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടില്ല; കാത്തിരിക്കുന്നത് ബംഗാളിലെ അവസ്ഥ: വി. കുഞ്ഞികൃഷ്ണൻ

  1. Home
  2. Kerala

സെക്രട്ടറി മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടില്ല; കാത്തിരിക്കുന്നത് ബംഗാളിലെ അവസ്ഥ: വി. കുഞ്ഞികൃഷ്ണൻ

KUNJI


തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. സെക്രട്ടറി മാത്രമല്ല യഥാർത്ഥ പ്രശ്നമെന്നും, കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് ആരാണെന്നും അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ മറ്റുള്ളവർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നതുമാണ് വിശകലനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിച്ചല്ല കാര്യങ്ങൾ പോകുന്നത് എന്നതുകൊണ്ട് തന്നെ സെക്രട്ടറി മാറിയതുകൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിൽ തുറന്നുപറച്ചിലുകളും ചർച്ചകളുമാണ് ആവശ്യമെന്നും, അത്തരം ചർച്ചകളിൽ ഉയരുന്ന ശരിയായ അഭിപ്രായങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾ പ്രഖ്യാപിക്കുന്ന കാര്യങ്ങൾ തീരുമാനമായി അടിച്ചേൽപ്പിക്കുന്ന രീതിയിലേക്ക് കേരളത്തിലെ പാർട്ടി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാതെ സംരക്ഷിക്കുന്ന നിലപാട് തിരുത്തലിന് സഹായിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റുകൾ തിരുത്തിയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറച്ചുകാലമായി അത് സംഭവിക്കുന്നില്ല. ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടി തീരുമാനങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തുകയും മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത തുടർന്നാൽ പാർട്ടി വലിയ പൊട്ടിത്തെറിയിലേക്കും ബംഗാളിലെ അവസ്ഥയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പ് തന്റെ പുസ്തകത്തിൽ തന്നെ നൽകിയിട്ടുണ്ടെന്നും, എത്രയും വേഗം തിരുത്താൻ തയ്യാറാകുന്നത് പാർട്ടിക്കാണ് നല്ലതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.