ക്രിക്കറ്റ് കോച്ചിന് മൂന്നാം പോക്‌സോ കേസിൽ 47 വർഷം കഠിനതടവ്; നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി

  1. Home
  2. Kerala

ക്രിക്കറ്റ് കോച്ചിന് മൂന്നാം പോക്‌സോ കേസിൽ 47 വർഷം കഠിനതടവ്; നാലാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി

cricket coach manu


ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ എം. മനു (40)വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി (പോക്‌സോ) ശിക്ഷിച്ചത്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ആദ്യത്തെ രണ്ട് കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ രണ്ടാമത്തെ കേസിൽ 35 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്.

ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 427 പ്രകാരം പ്രതിയുടെ മുൻ കേസുകളിലെ ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷം മാത്രമേ മൂന്നാമത്തെ കേസിലെ ശിക്ഷ ആരംഭിക്കൂ എന്ന് പ്രൊസീക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി പ്രത്യേകമായി ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടത്. കൂടാതെ, സമാനമായ നാലാമത്തെ കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കും.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചായിരുന്നു പീഡനം. 2018 മുതൽ കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ ജിമ്മിലേക്കും ബാത്‌റൂമിലേക്കും കൂട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നഫോട്ടോയും വീഡിയോയും എടുത്ത പ്രതി, മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കുട്ടിയുടെ ദൃശ്യങ്ങൾ നിർബന്ധിച്ച് ക്യാമറയിൽ പകർത്തിക്കുകയും ചെയ്തു. പ്രതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് കൃത്യമായ പരിശീലനം നൽകാതിരുന്നതിനെ തുടർന്ന് 2019-ൽ കുട്ടി ഇവിടെ നിന്നും മാറി. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല.

ഈ പെൺകുട്ടിക്ക് പുറമെ പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി സമാനമായ രീതിയിൽ പീഡിപ്പിച്ചിരുന്നു. ഭയം കാരണം ഇവരും പിന്നീട് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറി. തുടർന്ന് 2024-ൽ തിരുവനന്തപുരത്ത് നടന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിനിടെ അതിജീവിതമാരിൽ ഒരാൾ പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയാണ് വർഷങ്ങൾ നീണ്ട പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ മറ്റ് കുട്ടികളും പരാതിയുമായി മുന്നോട്ട് വരികയും പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ ഹാജരായി.