'പ്രിയദർശിനി' പദ്ധതിയിൽ പ്രതിസന്ധി: ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ 'പ്രിയദർശിനി പദ്ധതി' മൂലമുള്ള സാമ്പത്തിക നഷ്ടത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കനത്ത നഷ്ടം നേരിടുന്ന ബസ് മേഖലയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഒക്ടോബർ അവസാന വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരവും, തുടർന്ന് നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്കും ആരംഭിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
