ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ
ജമാഅത്തെ ഇസ്‌ലാമിക്കെതിരായ എ.കെ. ബാലന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുന്നത് ഇസ്‌ലാം മതത്തിന് എതിരാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു മതത്തിനെതിരാണെന്ന് വരുത്തിത്തീർക്കുന്നതിന് സമാനമായ നീക്കമാണിതെന്നും, ഇത്തരം വർഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, ബാലന്റെ പ്രസ്താവനയെ തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇത്തരം വർഗീയ നിലപാടുകൾക്ക് എതിരാണെന്നും അദ്ദേഹം ആവർത്തിച്ചു.
