വനസംരക്ഷണത്തിന് സിആര്‍പിഎഫ് വേണം; ഫോറസ്റ്റ് അസോസിയേഷന്‍

  1. Home
  2. Kerala

വനസംരക്ഷണത്തിന് സിആര്‍പിഎഫ് വേണം; ഫോറസ്റ്റ് അസോസിയേഷന്‍

Forest


വനം സംരക്ഷിക്കാന്‍ സിആര്‍പിഎഫ് വേണമെന്ന ആവശ്യവുമായി ഭരണപക്ഷ സംഘടന. വനം വകുപ്പ് ഭരിക്കുന്ന എന്‍സിപിയുടെ സര്‍വീസ് സംഘടനയായ കേരള ഫോറസ്റ്റ് അസോസിയേഷന്റേതാണ് ആവശ്യം. വനത്തെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സിആര്‍പിഎഫ് പോലുള്ള കേന്ദ്ര സേനയെ വിന്യസിക്കണം. ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമം സിബിഐ അന്വേഷിക്കണം എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് എന്‍സിപി സംഘടന ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.

ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കത്തുനല്‍കിയത്. അതേസമയം സിആര്‍പിഎഫ് വേണമെന്ന ആവശ്യം പെരുമാറ്റ ചട്ട ലംഘനമെന്ന് സിപിഐഎം സര്‍വീസ് സംഘടന ആരോപിച്ചു. സംസ്ഥാന പൊലീസില്‍ അവിശ്വാസം രേഖപ്പെടുത്തുന്നത് ഗുരുതരമാണെന്നും എന്‍സിപി സംഘടനയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ വനം സംരക്ഷിക്കാന്‍ സിആര്‍പിഎഫ് വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതായാണ് വിവരം. എന്‍സിപിപി സര്‍വീസ് സംഘടനയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തേടി. എന്‍ജിഒ യൂണിയന്‍ കത്തുനല്‍കിയതിന് പിന്നാലെയാണ് ഇടപെടല്‍.