സി.വി. ധനരാജ് വധക്കേസ്: വിധി നവംബർ 23ന്; പത്ത് വർഷത്തോളമായി നീണ്ട വിചാരണയ്ക്ക് വിരാമമാകുന്നു
കണ്ണൂർ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 23ന് വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് കേസിലെ പ്രതികൾ.
2016 ജൂലൈ 11നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി വീട്ടുമുറ്റത്ത് ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് ധനരാജിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വീടിന് മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ 20 ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് പ്രതികൾ. കേസിലെ 12-ാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടന്ന് പത്ത് വർഷത്തോളമാകുമ്പോൾ കേസിലെ കോടതി വിധി നിർണായകമാകും.
