ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം: കുറ്റക്കാർക്കെതിരേ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം
അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കാൻ സൈബർ വിഭാഗം ഐ.ജിക്കാണ് മന്ത്രി നിർദേശം നൽകിയത്.
കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷൽ കറസ്‌പോണ്ടന്റായ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് ഇത്തരം സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ബുധനാഴ്ചയാണ് ജിജോ ജോൺ അന്തരിച്ചത്.
