പെൻഷൻ കാർഡിന്റെ പേരിൽ സൈബർ തട്ടിപ്പ്; വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്
ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ പെൻഷൻ പദ്ധതികൾ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" തുടങ്ങിയ പേരുകളിലാണ് വ്യാജ പരസ്യ ലിങ്കുകൾ പ്രചരിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കൾ നേരിട്ട് തട്ടിപ്പുകാരുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് എത്തുകയും തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഇവർ പണം തട്ടുകയുമാണ് ചെയ്യുന്നത്.
പെൻഷൻ കാർഡ് ആക്ടിവേഷന് എന്ന പേരിൽ അയച്ചുനൽകുന്ന "Pension Form" ലിങ്കുകൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഈ ലിങ്ക് തുറക്കുമ്പോൾ തന്നെ മൊബൈൽ ഫോണിൽ മാൽവെയർ (Malware) അടങ്ങിയ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതിലൂടെ ഫോണിലെ ഒടിപി സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, എസ്എംഎസ് എന്നിവ തട്ടിപ്പുകാർക്ക് ചോർത്തി നൽകാൻ സാധിക്കും. ഉപഭോക്താക്കൾ അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും പണം കവരുന്ന രീതിയാണിതെന്ന് പൊലീസ് വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- സോഷ്യൽ മീഡിയയിൽ കാണുന്ന ബാങ്ക്/പെൻഷൻ ഓഫർ ലിങ്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുക.
- വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന എപികെ (APK) ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
- ഫോണിലെ "Install from Unknown Sources" ഓപ്ഷൻ ഓഫ് ചെയ്തിടുക.
- ഒടിപി, ബാങ്ക് വിവരങ്ങൾ, കാർഡ് നമ്പർ, സിവിവി (CVV) എന്നിവ ആരുമായും പങ്കുവെക്കരുത്.
- അടിയന്തരമായി നടപടി വേണമെന്ന് സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകളെയും സന്ദേശങ്ങളെയും അവിശ്വസിക്കുക.
സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
