സൈബർ കുറ്റവാളികളെ തുരത്താം; ഇനി കേരള പൊലീസിനൊപ്പം പ്രവർത്തിക്കാൻ അവസരം; അപേക്ഷിക്കാം

പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് ന്യൂതന പദ്ധതി വരുന്നു. തട്ടിപ്പുകാരുടെ പ്രലോഭനങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുകളും സൈബർ കുറ്റവാളികളെക്കുറിച്ച് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനും പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വാളന്റിയർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈബർ വാളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലം ഉണ്ടാകില്ല.
തിരഞ്ഞെടുക്കപ്പെടുന്ന വാളന്റിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും. രാജ്യത്താകെ ദിനംപ്രതി നടക്കുന്ന സൈബർ കുറ്റവാളികളുടെ പുതിയ തട്ടിപ്പുകളെക്കുറിച്ച് ആവശ്യമായ സന്ദർഭങ്ങളിൽ പ്രത്യേക തുടർപരിശീലനവും നൽകും.ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാർ പദ്ധതിയുടെ നോഡൽ ഓഫീസറും സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അസിസ്റ്റന്റ് നോഡൽ ഓഫീസറുമായിരിക്കും.
സൈബർ അവയർനെസ് പ്രൊമോട്ടർ നിയമനം
cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വാളന്റിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റിൽ സൈബർ വാളന്റിയർ എന്ന വിഭാഗത്തിൽ 'രജിസ്ട്രേഷൻ അസ് എ വാളന്റിയർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.'സൈബർ അവയർനെസ് പ്രൊമോട്ടർ' എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അപക്ഷ നൽകേണ്ട അവസാന തീയതി നവംബർ 25. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല.