സൈബർ അധിക്ഷേപം; പോലീസ് നടപടി വൈകുന്നു; വീണ്ടും കോടതിയെ സമീപിച്ച് അൻസിബ

  1. Home
  2. Kerala

സൈബർ അധിക്ഷേപം; പോലീസ് നടപടി വൈകുന്നു; വീണ്ടും കോടതിയെ സമീപിച്ച് അൻസിബ

ansiba


സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ച് വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവർക്കെതിരെയാണ് അൻസിബ ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ നടി ശ്വേത മേനോന്റെ പങ്കും അനേഷിക്കണമെന്നും ആവശ്യം. ഹർജി ഈ മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.

പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജില്ലാ പൊലീസ് മേധാവിക്കും അൻസിബ പരാതി നൽകിയിരുന്നു. ലക്ഷ്മിപ്രിയക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെ പരാതി നൽകിയതിന് പിന്നാലെ പാലാരിവട്ടം എസ്എച്ച്ഒയെ ഫോണിൽ ബന്ധപ്പെട്ട്, തനിക്കെതിരായ വ്യാജ ഉള്ളടക്കം പ്രചരിക്കുന്നത് തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നുവെന്നും അൻസിബ പറയുന്നു.എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ലെന്നും, ഇതിലൂടെ വ്യാജപ്രചാരണത്തിന് അവസരമൊരുക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. എസ്എച്ച്ഒയുടെ നടപടി കടുത്ത മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയതായും അൻസിബ വ്യക്തമാക്കുന്നു.

അതേസമയം, വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിച്ചതുമായ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.ജൂൺ ഒന്നിന് നൽകിയ പരാതിയിൽ, ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദപ്രചാരണം നടത്തിയെന്നും, തന്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചുവെന്നടക്കമുള്ള വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച് തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും അൻസിബ ആരോപിച്ചിരുന്നു. കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിന്റേതെന്നും പരാതിയിൽ പറയുന്നു.