'അർണബ്' ചുഴലിക്കാറ്റ് രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമർദം ക്രമേണ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ബംഗ്ലാദേശ് നിർദേശിച്ച 'അർണബ്' എന്ന പേരായിരിക്കും ഈ ചുഴലിക്കാറ്റിന് നൽകുക. ബംഗാളി ഭാഷയിൽ 'സമുദ്രം' എന്നാണ് ഇതിന്റെ അർത്ഥം.
ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രവചനമെങ്കിലും കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ല. എന്നാൽ കാലവർഷക്കാറ്റ് അനുകൂലമാകുന്നതോടെ സംസ്ഥാനത്ത് മഴ വരുംദിവസങ്ങളിൽ അതിശക്തമാകും. കന്യാകുമാരിക്കും കേരളത്തിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദം നിലവിൽ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഈ ജില്ലകൾക്ക് പുറമെ കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് ആയിരിക്കും. മറ്റ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഒക്ടോബർ 26 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
