ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ആഗസ്റ്റ് 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും.
ഇതിന്റെ സ്വാധീനത്താൽ ആഗസ്റ്റ് 22 മുതൽ 26 വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 23, 24, 25 തീയതികളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 24-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 25-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണം.
