സംസ്ഥാനത്ത് ചക്രവാതച്ചുഴി: വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

സംസ്ഥാനത്ത് ചക്രവാതച്ചുഴി: വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

rain


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ മധ്യ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.