വിഷബാധയേറ്റ് പശുക്കൾ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായവുമായി ജയറാം

  1. Home
  2. Kerala

വിഷബാധയേറ്റ് പശുക്കൾ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായവുമായി ജയറാം

jayaram


വിഷബാധയേറ്റ് ഇടുക്കിയിൽ പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്ലർ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികൾക്ക് വേണ്ടി നൽകുന്നത്. ഇന്ന് ജയറാം കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി പണം കൈമാറും.

കിഴക്കേപ്പറമ്പിൽ മാത്യു, ജോർജ് എന്നിവർ അരുമയായി വളർത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതിൽ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉൾപ്പെടും. ഇതോടെ കർഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

''കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണ് ഞാനും. 2005 ലും 2012 ലും കേരള സർക്കാറിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഞാൻ ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്. ആറേഴ് വർഷം മുൻപ് ഈ കുഞ്ഞുങ്ങൾക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളിൽ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല.

കുട്ടികളെ നേരിൽ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്സിന്റെ ബ്രാൻഡ് അമ്പാസിഡർ കൂടിയാണ്. കേരള സർക്കാറിനെ പ്രതിനിധീകരിച്ച് കാലിവളർത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നൽകുന്നത്''- ജയറാം പറഞ്ഞു

ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.