കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം മരണം: ദുരൂഹത ആരോപിച്ച് കുടുംബം

പോലീസ് വിട്ടയച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കോയിപ്രം സ്വദേശി സുരേഷ് (43) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സുരേഷിന് നാല് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായും ചൂരൽ കൊണ്ട് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും പറയുന്നു.
മാർച്ച് 19-ന് കഞ്ചാവ് ബീഡി വലിച്ചുവെന്ന പരാതിയിൽ കോയിപ്രം പൊലീസ് സുരേഷിനെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു.ഏപ്രിൽ 20-ന് സുരേഷിന്റെ വീട്ടിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം യൂണിഫോമിൽ മൂന്ന് പേർ വീട്ടിൽ എത്തി സുരേഷിനെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയതായി അമ്മ പറയുന്നു.മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ച് സഹോദരൻ അടക്കമുള്ള കുടുംബം വിശദമായ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.