കൊട്ടിയത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ഒരു കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയും മരിച്ചു

കൊല്ലം കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച മീനാക്ഷിയുടെ സഹോദരി നീതുവാണ് മരണപ്പെട്ടത്. 15 വയസാണ് പ്രായം.മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു നീതുവും മീനാക്ഷിയും.
ഇരുവരുടെയും സഹോദരൻ അമ്പാടി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.അമ്പാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.