എപിപി അനീഷ്യയുടെ മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും

  1. Home
  2. Kerala

എപിപി അനീഷ്യയുടെ മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും

anisha


കൊല്ലം പരവൂരിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യ ജീവനൊടുക്കിയ കേസിൽ കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. പരവൂർ പൊലീസ് അന്വേഷിച്ച കേസിൽ കുടുംബം ഉൾപ്പടെ അതൃപ്തി അറിയിച്ചതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. ആരോപണ വിധേയർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.

അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തിട്ട് നാല് ദിവസം പിന്നിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ , സഹപ്രവർത്തകനായ മറ്റൊരു അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഇവരിലേക്ക് പൊലീസ് അന്വേഷണം എത്താതെ വന്നതോടെ കുടുംബം അതൃപ്തി അറിയിച്ചു. നിരവധി പ്രതിഷേധങ്ങളും ഉണ്ടായി.

കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചേർക്കണം എന്നതാണ് കുടുംബത്തിന്‍റെയും മറ്റ് അഭിഭാഷകരുടെ ആവശ്യം.ആരോപണ വിധേയർക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ പക്ഷം. ഡയറിയും ശബ്ദ സന്ദേശവും ലഭിച്ചിട്ടും പൊലീസിന്‍റെ മെല്ലെപ്പോക്കിനെതിരെ വിമർശനം ഉയര്‍ന്നു. ഇതോടെ ആണ് സിറ്റി ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. എസിപി സക്കറിയ മാത്യുവിന് ആണ് അന്വേഷണ ചുമതല.

ഇന്ന് കേസ് ഡയറി ഉൾപ്പടെ കൈമാറും. നടപടികൾ വൈകുന്നതിനു എതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്‌തമാകുന്നുണ്ട്. കോൺഗ്രസും മഹിളാമോർച്ചയും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങും. പരവൂർ പൊലീസ് സ്റ്റേഷനിലേക്കാണ് കോൺഗ്രസിന്‍റെ മാർച്ച് . കലക്ടറേറ്റിനു മുന്നിൽ വായ് മൂടിക്കെട്ടി മഹിളാ മോർച്ച പ്രവർത്തകരും പ്രതിഷേധിക്കും.