ഒന്നര വയസ്സുകാരന്റെ മരണം: അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ ബേബി മെമ്മോറിയൽ (BMH) ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുകയാണ്. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റിന് പൊലീസ് നിർദ്ദേശം നൽകി.
കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. നിലവിൽ ഈ മൂന്ന് ഡോക്‌ടർമാരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് തുന്നലിടാൻ (സ്റ്റിച്ച്) പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
