ഒരു വയസുകാരന്റെ മരണം: കുഞ്ഞിന് മഞ്ഞപ്പിത്തബാധ ഉണ്ടായിരുന്നതായി സംശയം; ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയക്കും

മലപ്പുറം കാടാമ്പുഴ പാങ്ങിൽ മരിച്ച ഒരു വയസ്സുകാരന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്തബാധ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം. കൂടുതൽ വ്യക്തതയ്ക്ക് കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയക്കും. ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം കബറടക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ യോടെ കബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്യുപഞ്ചർ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോൾ മതിയായ ചികിത്സ നൽകിയില്ലെന്നാണ് മാതാപിതാക്കൾക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേൺ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്ന വ്യക്തിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതെയാണോ മരണപ്പെട്ടത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.