കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഞായറാഴ്ച; തീരുമാനം പത്താം തീയതിയോടെ
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ച അറിയാമെന്ന് കെ മുരളീധരൻ . നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ച്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു.
മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാൻ എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
അതേസമയം, മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് നടക്കും. ആദ്യം മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോൾ മെറിറ്റിനാണ് മുൻഗണന നൽകേണ്ടതെന്നും ഗ്രൂപ്പ് താൽപര്യങ്ങൾ ഒഴിവാക്കണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
