ദീപക്കിന്റെ ആത്മഹത്യ: 21 ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി ഷിംജിത; 'ഒന്നും പറയാനില്ലെന്ന്' പ്രതികരണം
ലൈംഗികാതിക്രമാരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ ജയിലിൽ നിന്നും പുറത്തിറങ്ങി. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഷിംജിതയുടെ മറുപടി. 21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. 21 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിലാണ് പുറത്തിറങ്ങുന്നത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യം തുടങ്ങിയ ഉപോധികളോടെയാണ് പ്രിൻസിപ്പൽ സെഷൻ കോടതി ജാമ്യം അനുവദിച്ചത്.നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.കോഴിക്കോട് ജില്ല ജയിലിലായിരുന്നു ഷിംജിത ഉണ്ടായിരുന്നത്.
കഴിഞ്ഞ ജനുവരി 17-നാണ് ദീപക് ആത്മഹത്യ ചെയ്തത്. തുടർന്ന് ഒളിവിൽ പോയിരുന്ന ഷിംജിതയെ ജനുവരി 21-നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
