പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ഒരാഴ്ചയ്ക്കിടെ ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്

  1. Home
  2. Kerala

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ഒരാഴ്ചയ്ക്കിടെ ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്

dengue fever


പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇതോടെ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി മൂലമുള്ള മരണം മൂന്നായി ഉയർന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ ആകെ അഞ്ച് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ കരിമ്പുഴ സ്വദേശിനിയായ 62-കാരിയും, ജൂൺ 13-ന് പട്ടാമ്പി സ്വദേശിനിയായ 73-കാരിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം ജില്ലയിൽ ഇതുവരെ 543 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്നലെ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 79 ആയി ഉയർന്നു. ഈ മാസം നാല് പേരാണ് ഷിഗെല്ല മൂലം മരണമടഞ്ഞത്. ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 155 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.