മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഡി.സി.സി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
മുഖ്യമന്ത്രി വി. ഡി. സതീശനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഡി.സി.സി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. ചേന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്നാണ് കേസ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാ പട്ടികയിൽ ചേന്തിയിലെ പ്രോഗ്രാം ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. വാഹനം കൈകാണിച്ച് നിർത്തിയതിനെ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങാൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തിന് നേരെ അധിക്ഷേപം നടത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ തള്ളിമാറ്റുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് പോലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതെന്ന് ചേന്തി അനിൽ പ്രതികരിച്ചു. പ്രവർത്തകർ സ്നേഹാധിക്യം കൊണ്ടാണ് വാഹനം തടഞ്ഞതെന്നും മുഖ്യമന്ത്രിയുടെ മനോഭാവത്തിൽ വിഷമം തോന്നിയതിനാലാണ് പൊതുസമ്മേളനം ഉപേക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
