ഡിഎച്ച്എസ് ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ നടപടി.ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് സ്ഥലംമാറ്റമെന്നായിരുന്നു ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ വിശദീകരണം. പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചതും ഒരു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു . എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെയാണ് ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തത്
