'ചർച്ചയ്ക്കുപോലും വിളിച്ചില്ല'; വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി, പ്രതിരോധിച്ച് യുവമോർച്ചയും എ.ബി.വി.പിയും, സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം
സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിയിരുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വശളായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് പോലീസിന്റെ ഈ അടിയന്തര നടപടി. സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്ക് പോലും തയ്യാറാകാതെയാണ് പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
ഉച്ചയോടെ വനിതാ പോലീസുകാരടക്കമുള്ള സംഘം സമരപ്പന്തലിലെത്തി വളർമതിയെ സ്ട്രെച്ചറിലാക്കി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ യുവമോർച്ച, എ.ബി.വി.പി (ABVP) പ്രവർത്തകർ പോലീസിനെ തടഞ്ഞത് വലിയ സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് വഴിതടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വളർമതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, അധ്യാപക-വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിയിൽ സമരം നടത്തുന്നത്.
