അനധികൃത സ്വത്ത് കേസ്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്, നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും
ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി നാല് വർഷം തടവും 31 ലക്ഷം രൂപ പിഴയും വിധിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനായി അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
പിഴയൊടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ച ആളായതിനാൽ ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. 20 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്നും തച്ചങ്കരി കോടതിയെ അറിയിച്ചെങ്കിലും പദവി ദുരുപയോഗം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ (135.80 ശതമാനം) അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ, പ്രതിഭാഗം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
