കാസർകോട് ക്രിക്കറ്റ് ടൂർണമെന്റിനിടെ തർക്കം; സഹകരണ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊന്നു
കുമ്പടാജയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സഹകരണ ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പ്രാദേശിക ബിജെപി നേതാവ് കൂടിയായ മാർപ്പനഡുക്ക സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി സ്ഥലത്തുവെച്ചായിരുന്നു സുരേഷിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുമ്പടാജ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാനായിരുന്നു സുരേഷ്. ഞായറാഴ്ച രാത്രി ഒൻപതരയോടെ മാർപ്പനഡുക്ക ജംഗ്ഷനിൽ വെച്ച് സുരേഷ് ജോലിക്കായി ബാങ്കിലെത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സുരേഷ് ഈ ടൂർണമെന്റിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. മത്സരത്തിനിടെയുണ്ടായ പ്രശ്‌നങ്ങൾ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നുവെങ്കിലും, അതിന്റെ പ്രതികാരം മനസ്സിൽ വെച്ച് പ്രതികൾ സുരേഷിനെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു.
ജോലിക്ക് കയറാനായി ബാങ്കിന് മുന്നിലെത്തിയ സുരേഷിനെ പ്രതികൾ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ട് വരികയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ അവിടേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾക്കായി അതിർത്തി കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
