നായയുടെ കുരയെച്ചൊല്ലി തർക്കം: വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു

  1. Home
  2. Kerala

നായയുടെ കുരയെച്ചൊല്ലി തർക്കം: വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു

death


വളർത്തുനായയുടെ കുരയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് നേരെ 65 കാരിയുടെ വളർത്തു നായ നിർത്താതെ കുറച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മുസാഖേദി മേഖലയിലാണ് സംഭവം. ശാന്തി നഗർ സ്വദേശിയായ പ്രതി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 10.30ഓടെ കമ്മ്യൂണിറ്റി ഹാളിന് സമീപമെത്തിയപ്പോൾ ഒരു നായ തുടർച്ചയായി കുരയ്ക്കാൻ തുടങ്ങി. ഇതുമൂലം ആ വഴിയിലൂടെ കടന്നുപോകാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതോടെ പ്രതി നിലവിളിക്കാൻ തുടങ്ങി.

ശബ്ദം കേട്ട് നായയുടെ ഉടമയായ വൃദ്ധ വീട്ടിൽ നിന്ന് ഇറങ്ങിവന്നു. നായയുടെ കുരയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ 35 കാരനായ പ്രതി വൃദ്ധയുടെ അടിവയറ്റിൽ ചവിട്ടുകയും അവർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്ന് ആസാദ്‌നഗർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു.