പാലാ നഗരസഭയിൽ ഭിന്നത രൂക്ഷം; ചെയർപേഴ്‌സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലർമാർ

  1. Home
  2. Kerala

പാലാ നഗരസഭയിൽ ഭിന്നത രൂക്ഷം; ചെയർപേഴ്‌സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലർമാർ

diya pulikkakandathil


പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിയിൽ തർക്കം മുറുകുന്നു. ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടത്തിലിനോടുള്ള (ദിയാ ബിനു) വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് കാണിച്ച് ആറ് കോൺഗ്രസ് കൗൺസിലർമാർ യു.ഡി.എഫ് നേതൃത്വത്തിന് കത്തയച്ചു. ഈ കത്ത് പുറത്തായതോടെ നഗരസഭയിലെ ഭരണപ്രതിസന്ധി പരസ്യമായിരിക്കുകയാണ്. അതേസമയം, തർക്കം പരിഹരിക്കാൻ മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര സമവായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ചെയർപേഴ്‌സന്റെ മുറിയിൽ അതിക്രമിച്ച് കയറി ഫയലുകളും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ ദിയാ ബിനു പൊലീസിൽ പരാതി നൽകിയതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. എന്നാൽ ഇത് കള്ളക്കേസാണെന്നും കോൺഗ്രസിനെ ബോധപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്നും കൗൺസിലർമാർ ആരോപിക്കുന്നു. നഗരസഭയിൽ യു.ഡി.എഫ് ഭരണമാണെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു പങ്കുമില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞദിവസം നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കൈയേറ്റശ്രമം ഉണ്ടായതായും കത്തിലുണ്ട്. നഗരസഭയെ ഇകഴ്ത്തിക്കാണിക്കാനാണ് ബിജു മാത്യൂസ് ശ്രമിക്കുന്നതെന്നാണ് ചെയർപേഴ്‌സന്റെ നിലപാട്. എന്നാൽ, മുന്നണിയിലെ സ്വതന്ത്ര കൂട്ടായ്മയുടെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് ചെയർപേഴ്‌സണെതിരെ ശക്തമായ നീക്കവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം.

കത്തിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട യു.ഡി.എഫ് നേതാക്കന്മാരെ,

കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയിരിക്കുന്നത്. യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എൽ.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയ്യേറ്റശ്രമവും വരെ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് 3 പോലീസ് കാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ള കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു.