വിവാദ എഫ് ട്യൂൺ ക്രീമിനെ ന്യായീകരിച്ച് ഡോക്ടർ; പത്ത് വർഷമായി കുറിച്ചുനൽകുന്നുണ്ടെന്ന് വെളിപ്പെടുത്തൽ

  1. Home
  2. Kerala

വിവാദ എഫ് ട്യൂൺ ക്രീമിനെ ന്യായീകരിച്ച് ഡോക്ടർ; പത്ത് വർഷമായി കുറിച്ചുനൽകുന്നുണ്ടെന്ന് വെളിപ്പെടുത്തൽ

image


മലപ്പുറത്ത് വിവാദമായ എഫ് ട്യൂൺ ക്രീമിനെ ന്യായീകരിച്ച് സ്‌കിൻ സ്‌പെഷലിസ്റ്റ് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ. കഴിഞ്ഞ പത്ത് വർഷമായി രോഗികൾക്ക് ഈ ക്രീം കുറിച്ചുനൽകുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ വീഡിയോ പുറത്തുവന്നു. ക്രീം ഉപയോഗിച്ച യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടറുടെ പ്രതികരണം.

വിവിധ ക്ലിനിക്കുകളിലൂടെ നൂറുകണക്കിന് പേർക്ക് ഡോക്ടർ ക്രീം നിർദേശിച്ചിരുന്നതായാണ് വിവരം. ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതായി പരാതിപ്പെട്ടവർക്ക് പരിശോധന നടത്താൻ പണം നൽകിയതായും ആരോപണമുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ക്രീം എത്തിച്ചിരുന്നതെന്നും കൃത്യമായ ബില്ലുകളോ ലൈസൻസ് സംബന്ധിച്ച വ്യക്തതയോ ഇല്ലാതെയാണ് വിതരണം ചെയ്തിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.ക്രീം ഉപയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ മെഡിക്കൽ ഷോപ്പ് ജീവനക്കാർ അറിയിച്ചപ്പോഴും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉണ്ടായ ബുദ്ധിമുട്ടുകൾ തനിയെ മാറുമെന്നും ഡോക്ടർ മറുപടി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെയും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെയും പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ് എഫ് ട്യൂൺ ക്രീം. മലപ്പുറം സ്വദേശിയായ യുവതിക്ക് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവമാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.