തിരുവനന്തപുരത്ത് ഡോക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതെന്ന് നിഗമനം

  1. Home
  2. Kerala

തിരുവനന്തപുരത്ത് ഡോക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതെന്ന് നിഗമനം

Doctor death


തിരുവനന്തപുരം കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‍തേഷ്യ വിഭാഗം ഡോക്ടർ വിപിന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ടു മൂന്നുമണിയോടെ കണ്ടെത്തിയത്. ഇയാളുടെ കാറും റോഡിനടുത്ത് നിന്നും കണ്ടെത്തി. ഓപ്പറേഷന് മുൻപു രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നു കുത്തിവച്ച ശേഷം തോട്ടിലേക്കു ചാടിയെന്നാണു നിഗമനം.

ഉച്ചയ്ക്ക് ഒന്നര മണിയോടെ ഡോക്ടറുടെ വാഹനം ആമയിഴഞ്ചാൻ തോടിനടുത്ത് നിർത്തിയിട്ടത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. കാറിന്റെ ഒരുവശത്തെ ഡോർ തുറന്ന നിലയിലായിരുന്നു. അസ്വഭാവികത തോന്നിയ പ്രദേശവാസികളിൽ ചിലർ പരിശോധിച്ചപ്പോഴാണു തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. കാറിൽനിന്നു സിറിഞ്ചും മരുന്നുകുപ്പികളും ഉണ്ടായിരുന്നു. 

പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മകൻ സ്ഥലത്തെത്തി മൃതദേഹം വിപിന്റെതാണെന്ന് തിരിച്ചറിഞ്ഞു. മുട്ടട സ്വദേശിയായ വിപിന്റെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.