ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ അച്ഛൻ ഒളിവിൽ, ബന്ധു വീടുകളിലടക്കം പൊലീസ് അന്വേഷണം

  1. Home
  2. Kerala

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ അച്ഛൻ ഒളിവിൽ, ബന്ധു വീടുകളിലടക്കം പൊലീസ് അന്വേഷണം

shahana


ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛൻ ഒളിവിൽ തന്നെ. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുൾപ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനായി പൊലീസ് അന്വേഷിക്കുന്നത്. റുവൈസിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉൾപ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.