റോഡിൽ തടസമുണ്ടാക്കിയ കാർ മാറ്റാനായി ഹോൺ അടിച്ചതിന് ഡോക്ടറെ യുവാവ് ക്രൂരമായി മർദിച്ചു

  1. Home
  2. Kerala

റോഡിൽ തടസമുണ്ടാക്കിയ കാർ മാറ്റാനായി ഹോൺ അടിച്ചതിന് ഡോക്ടറെ യുവാവ് ക്രൂരമായി മർദിച്ചു

A doctor was brutally beaten up by a young man for honking his horn to move a car blocking the road


ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുൻപിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കാർ മാറ്റാനായി ഹോണടിച്ചതിന് ഡോക്ടറെ ക്രൂരമായി മർദിച്ച് യുവാവ്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വരികയായിരുന്ന ഡോക്ടറെ പേരാമ്പ്ര പൈതോത്ത് ജിദാത്ത് ആണ് മർദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
സരോവരം ഭാഗത്തു നിന്ന് വരികയായിരുന്ന ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടാണ് പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ നിർത്തിയിട്ട കാർ മാറ്റാനായിരുന്നു ഡോക്ടർ ഹോൺ മുഴക്കിയത്. ഇതോടെ മുന്നിലെ കാറിൽ നിന്നിറങ്ങിയ യുവാവ്  ഡോക്ടറുമായി വഴക്കിട്ടെങ്കിലും ഡോക്ടർ നിർത്താതെ ഇയാളുടെ കാർ ഓവർടേക്ക് ചെയ്ത് ഓടിച്ചുപോയി.
എന്നാൽ പിന്തുടർന്നെത്തിയ യുവാവ് പി.ടി. ഉഷ റോഡ് ജംക്‌ഷനിലെത്തിയപ്പോൾ മുന്നിൽ കാർ കയറ്റി ഡോക്ടറുടെ കാർ തടയുകയും, ഇറങ്ങിച്ചെന്ന് മർദിക്കുകയുമായിരുന്നു. വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ യുവാവ് ഇടിച്ചുവീഴ്ത്തി. തുടർന്ന് കാറിൽ നിന്നു വലിച്ചുപുറത്തിട്ടും ആക്രമിച്ചു.  മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച് അടുത്തുള്ള ഫ്ലാറ്റിലേക്ക് മാറ്റിയത്.
നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും, സിസിടിവി ദൃശ്യവും പരിശോധിച്ചാണ് പോലീസ് പിന്നീട് ഇയാളെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.