സ്വർണവില റെക്കോഡിൽ നിൽക്കുമ്പോൾ 3 പവന്റെ മാല കാണാനില്ല; എക്സ്റേ എടുത്തപ്പോൾ നായ്ക്കുട്ടിയുടെ വയറ്റിൽ

  1. Home
  2. Kerala

സ്വർണവില റെക്കോഡിൽ നിൽക്കുമ്പോൾ 3 പവന്റെ മാല കാണാനില്ല; എക്സ്റേ എടുത്തപ്പോൾ നായ്ക്കുട്ടിയുടെ വയറ്റിൽ

dog eat gold chain


‘എന്നാലും എന്റെ ഡെയ്സി, നിനക്കു തിന്നാൻ മൂന്നു പവന്റെ മാലയേ കിട്ടിയുള്ളൂ...’ ആ ചോദ്യത്തിനു കടുപ്പിച്ചൊരു കുരയാണു മറുപടി. ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്സി’ എന്ന നായ്ക്കുട്ടി ‘ഗോൾഡ്’ തന്നെ വിഴുങ്ങിയെങ്കിലും അതു തിരികെകിട്ടിയ ആശ്വാസത്തിലാണ് ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസും കുടുംബവും.

ഏതാനും ദിവസം മുൻപാണു കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വർണമാല കാണാതായത്. വീടും പരിസരവും വ്യാപകമായി പരതിയെങ്കിലും കിട്ടിയില്ല. നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണു പെൺ നായ ഡെയ്സി വീടിന്റെ മൂലയ്ക്കിരുന്നു പെൻസിൽ കടിക്കുന്നതു ശ്രദ്ധയിൽപെട്ടത്. ‘ഇനി ഡെയ്സി എങ്ങാനും മാല വിഴുങ്ങി കാണുമോ? സംശയം തോന്നിയ കൃഷ്ണദാസും ഭാര്യയും ‍ഡെയ്സിയുടെ എക്സ്റേ എടുത്തു. വയറ്റിൽ മാല  ഉണ്ടെന്നു മനസ്സിലാക്കിയ ശേഷം ജില്ലാ മൃഗാശുപത്രിയിൽ എത്തി ഡോക്ടറെ കാണിച്ചു. മാല പുറത്തു വന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നായി. അതിനുള്ള തീയതിയും നിശ്ചയിച്ചു. 

സ്വർണത്തിനു വില കത്തിനിൽക്കുന്ന സമയത്താണു ഡെയ്സി മാല തിന്നതെങ്കിലും അവളെ ‘കത്തിവയ്ക്കുന്നതിനായി’ വിഷമം. ശസ്ത്രക്രിയ ഇല്ലാതെ മാല പുറത്തു വരാനായി ബ്രെഡും പഴവുമെല്ലാം ധാരാളം നൽകിയെങ്കിലും മാല മാത്രം വന്നില്ല. അകത്തിരുന്നാൽ ഡെയ്സിക്കും കുഴപ്പമായാലോ എന്നു കരുതി ശസ്ത്രക്രിയ ചെയ്യാമെന്ന് ഉറപ്പിച്ച് ആശുപത്രിയിൽ പോയി, വീണ്ടും എക്സ്റേ എടുത്തു. മാല പുറത്തേക്കു വരാനുള്ള സാഹചര്യത്തിലാണെന്നു ഡോക്ടർ പറഞ്ഞു. മൂന്നാംദിവസം പുറത്തേക്കു വന്ന മാല ഡെയ്സി തന്നെയാണു വീട്ടുകാരെ കാണിച്ചു കൊടുത്തത്. ഏതാനും ദിവസം നായ്ക്കുട്ടിയുടെ വയറ്റിൽ കിടന്നതിനാൽ രാസപ്രവർത്തനം മൂലം നിറത്തിൽ ചെറിയ വ്യത്യാസം ഉണ്ടെന്നതല്ലാതെ മറ്റൊരു കുഴപ്പവും മാലയ്ക്കില്ല. മാല കിട്ടിയതിലും ഡെയ്സി സുരക്ഷിതയായി ഇരിക്കുന്നതിലും ഇരട്ടി സന്തോഷത്തിലാണു കൃഷ്ണദാസും കുടുംബവും.