ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തി; ഉപകരണങ്ങൾ എത്തിച്ചത് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം

  1. Home
  2. Kerala

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തി; ഉപകരണങ്ങൾ എത്തിച്ചത് ഹൈദരാബാദിൽ നിന്ന് വിമാനമാർഗം

ഡോ. ഹാരിസ് ചിറയ്ക്കൽ


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ മെഡിക്കൽ കോളേജിലെ സ്ഥിതി തുറന്നുകാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ ഫലം കണ്ടു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായി വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു.ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. 'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നു എന്നും പോസ്റ്റിൽ അദേഹം കുറിച്ചിരുന്നു. സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കും വിമർശനത്തിനും വഴിവച്ചതായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നു പറച്ചിൽ