ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റെ കുടുംബത്തിനെതിരെയും അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുന്നത്. പിതാവാണ് കൂടുതൽ സ്ത്രീധനം വാങ്ങാൻ റുവൈസിനെ നിർബന്ധിച്ചതെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങൾ ആത്മഹത്യാക്കുറിപ്പിലും ഷഹന സൂചിപ്പിച്ചിരുന്നു. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അമിതമായ സ്ത്രീധനം ആവശ്യപ്പെട്ടതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞിരുന്നു. ഇത് ഷഹന തന്റെ കുടുംബത്തോടും പറയുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കുടുംബത്തിലേക്കും നീങ്ങുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടതിനടക്കമുള്ള എല്ലാ തെളിവുകൾ ലഭിച്ച അടിസ്ഥാനത്തിലാണ് ഇന്ന് പൊലീസ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 'അവരുടെ സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം.... അവസാനിപ്പിക്കുകയാണ് എല്ലാം'- എന്ന് കുറിച്ച ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങളും റുവൈസിനയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്.ഷഹാന താമസിച്ചിരുന്ന
ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇതിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ പുറത്തുവരുന്നത്. 'സ്ത്രീധനത്തിനെതിരെ ഘോരപ്രസംഗങ്ങൾ നടത്തുന്ന, സ്ത്രീ തന്നെ ധനമെന്ന് വാദിക്കുന്ന ആളായിരുന്നില്ലേ റുവൈസ്' എന്നാണ് ഷഹനയുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്നത്. ഇത്രയധികം സ്ത്രീധനം കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ കൈയിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹന മരിക്കും മുമ്പ് കുറിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പി.ജി വിദ്യാർഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.