'ചതിയുടെ മുഖം മൂടി അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല, ഇനിയൊരാളെ വിശ്വസിക്കാനേ കഴിയില്ല': ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്

  1. Home
  2. Kerala

'ചതിയുടെ മുഖം മൂടി അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല, ഇനിയൊരാളെ വിശ്വസിക്കാനേ കഴിയില്ല': ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്

shahna


യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഡോക്ടർ റുവൈസ് ഷഹ്നയുടെ മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്നും ഇക്കാര്യം ആത്മഹത്യാകുറിപ്പിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെതിരെ ഗുരുതരമായ നിരവധി പരാമർശങ്ങൾ ഉണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

'ചതിയുടെ മുഖം മൂടി എനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം?, ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷേ എന്റെ ഫ്യൂച്ചർ ബ്ലാങ്കാണ്. ഇനി ഒരാളെ വിശ്വസിക്കാനേ കഴിയില്ല. സഹോദരി, ഉമ്മയെ നന്നായി നോക്കണം'. ഷഹ്നയുടെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നു.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഷഹ്ന തന്റെ സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴിയും പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധത്തിലായിരുന്നുവെന്നും ഇവർ ഒരുമിച്ച് യാത്ര നടത്തിയ ചിത്രങ്ങളും പൊലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. റുവൈസ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.